കണ്ണെത്താത്ത മലമുകളിൽ നിന്നും കുതിച്ചെത്തുന്ന വെള്ളചാട്ടങ്ങളും,നീല തടാകങ്ങളാലും അനുഗ്രഹീതമാണ് തവാങ് . നീല തടാകങ്ങളുടെ സമൃദ്ധിയാൽ തടാകങ്ങളുടെ നാട് എന്ന വിളിപ്പേരും തവാങിന് സ്വന്തം. ഓറഞ്ചും ആപ്പിളും വളരുന്ന താഴ്വരകളുടെയും , മഞ്ഞു മൂടുന്ന പർവതനിരകളുടെയും ഭൂമികൂടിയാണ് തവാങ് .
ആപ്പിൾ സുഗന്ധമുള്ള കുളിർകാറ്റും കാഴ്ചകൾ മറക്കുന്ന മൂടൽ മഞ്ഞും യാക്കുകൾ മേയുന്ന പുൽമേടുകളും തവാങ്ങിൻറെ താഴ്വാര കാഴ്ചകളാണ് . ടിബറ്റിന്റെ തലസ്ഥാനമായ ലാസ കഴിഞ്ഞാൽ ടിബറ്റൻ ബുദ്ധിസ്റ്റുകളുടെ നഗരവും ആറാം ദലൈലാമയുടെ ജന്മസ്ഥലവും ഇവിടെയാണ്.
ആരെയും കൊതിപ്പിക്കുന്ന ഈ സുന്ദര ഭൂമിക്കുവേണ്ടിയാണ് 1962ൽ ചൈന ഇന്ത്യക്കെതിരെ യുദ്ധത്തിനിറങ്ങുന്നത്. ഡാർജിലിങ്ങിനും സെലാപാസിനും ഇടയിലായി ഇന്ത്യ - ചൈന യുദ്ധത്തിൽ വീരമൃതു വരിച്ച ധീരയോദ്ധാക്കളുടെ പേരുകൾ കൊത്തിവച്ച ന്യുക്മദോങ് (Nyukmadung War Memorial) വാർ മെമ്മോറിയൽ പറയുന്നത് തവാങിന്റെ കൂടി ചരിത്രമാണ്.
സെലാപാസ് | Sela Pass
തർക്കഭൂമി ആയിരുന്നതിനാൽ ആയിരിക്കണം ഇന്നും ILP (Inner Line Permit) ഇല്ലാതെ അരുണാചലിലേക്കുള്ള പ്രവേശനം അസാധ്യം. പെർമിറ്റ് എടുക്കുന്നതിനായി തവാങ്ങിലേക്കുള്ള യാത്രാമധ്യത്തിൽ ഉള്ള DC ഓഫീസിൽ നിന്നോ അരുണാചൽ പ്രദേശിന്റെ ഓൺലൈൻ പോർട്ടലിൽ നിന്നോ പെർമിറ്റ് എടുക്കാവുന്നതാണ്.
ILP എടുക്കുവാൻ ഉള്ള ഓൺലൈൻ ലിങ്ക് : https://arunachalilp.com/onlineApp.do
വിവരണം : Jobin Ovelil