അന്ന് രാത്രിയില്‍ ഒരു ചിന്ത ചുമ്മാ എര്‍ണാകുളം വിട്ടാലോ എന്ന്‍, സുഹൃത്തിനോട് പോലും പറയാതെ അവനൊരു സര്‍പ്രൈസ് വിസിറ്റും ആകാം... എന്താണ് പരിപാടിയെങ്കില്‍ കൂടുകയും ആകാം.. ഇതൊക്കെ ചിന്തിച്ച് വെളുപ്പിനെ 5 മണിക്ക് തന്നെ എന്‍റെ പാഷന്‍ പ്ലസ് ബൈക്കും എടുത്ത് എര്‍ണാകുളം വിട്ടു. വെളുപ്പിനെ 7 മണിയൊക്കെ കഴിഞ്ഞപ്പോള്‍ അവരെ ഒന്നു ഞെട്ടിക്കാനായി അവരുടെ വീടിന്‍റെ വാതുക്കല്‍ ചെന്ന് കോളിങ് ബെല്‍ അടിച്ചു.. കുറച്ചുനേരം അടിച്ചിട്ടും വാതില്‍ ഒന്നും തുറന്നില്ല.. ഉറക്കം ആയിരിയ്ക്കും എന്ന്‍ കരുതി കുറച്ചു നേരം കൂടി ബെല്‍ അടിച്ചു വെയിറ്റ് ചെയ്തു ആരും തുറക്കുന്ന ലക്ഷണം ഇല്ല...
മൊബൈല്‍ എടുത്ത് സുഹൃത്തിനെ വിളിച്ച് ഡോര്‍ തുറക്കാന്‍ പറഞ്ഞതും ശരിക്കും ഞെട്ടിയത് ഞാനായിരുന്നു... രാവിലെ തന്നെ ആശാന്‍മാര്‍ എല്ലാവരും ട്രിപ്പിന് പുറപ്പെട്ടിരിക്കുന്നു... അതും എന്റെ വീട്ടില്‍ നിന്നും ഏതാനും കിലോമീറ്റര്‍ മാത്രം ദൂരമുള്ള മാര്‍മല വെള്ളച്ചാട്ടം കാണാന്‍.ഈ ട്രിപ് ആയിരുന്നു ഇന്നലെ എന്നോട് കൂടുന്നോ എന്ന്‍ ചോദിച്ച ഇവരുടെ ആ പരിപാടി എര്‍ണാകുളത്ത് ആ ദിവസം പ്രത്യേകിച്ച് ഒന്നും ചെയ്യാന്‍ ഇല്ലാത്തതിനാല്‍ ഞാനും തിരിച്ചു അവരുടെ പുറകെ മാര്‍മല വെള്ളച്ചാട്ടത്തിലേക്ക്.. എനിക്ക് ഒരു അര മണിക്കൂര്‍ മുന്‍പിലായി അവരും ഒരു കാറില്‍ മാര്‍മല ലക്ഷ്യമാക്കി പൊയ്ക്കൊണ്ടിരുന്നു. തീക്കോയി ടൌണ്‍ല്‍ വച്ച് ഒരുമിച്ച് കാണാം എന്നാണു വിചാരിച്ചിരുന്നത് എങ്കിലും കദലിക്കാട് എന്ന സ്ഥലത്തു വച്ച് തന്നെ ഞങ്ങള്‍ യാദൃശ്ചികമായി കണ്ടുമുട്ടി.. തുടര്‍ന്നു ഒരുമിച്ച് ഭക്ഷണം ഒക്കെ കഴിച്ചായി യാത്ര.
ആദ്യം ബൈക്ക് അവിടെ തന്നെ വച്ച് അവരുടെ കൂടെ കാറില്‍ പോകാം എന്ന്‍ കരുതിയെങ്കിലും .., പിന്നീട് പ്ലാന്‍ മാറ്റി ബൈക്കില്‍ തന്നെ അവരുടെ കാറിനെ പിന്‍ തുടര്‍ന്നു.. ഒടുവില്‍ തീക്കോയി ടൌണ്‍ ഒക്കെ പിന്നിട്ട് റബര്‍ മരങ്ങള്‍ ഇലവിരിച്ച തോട്ടങ്ങള്‍ക്ക് നടുവിലൂടെയുള്ള റോഡുകളിലൂടെ ഒരു ക്ഷേത്ര കവാടത്തിന് മുന്പില്‍ എത്തി നിന്നു. ആച്ചുകാവ് ദേവി മഹേശ്വര ക്ഷേത്രം. ഇനി ഈ കവാടത്തിന്നുളിലൂടെയാണ് യാത്ര ചെയ്യേണ്ടത് , ഇവിടെനിന്നും 5 കിലോമീറ്റര്‍ ആണ് മാര്‍മല വെള്ളച്ചാട്ടത്തിലേക്ക്. റബ്ബര്‍ മരങ്ങളും കൈതതോട്ടങ്ങളും പൊട്ടിപ്പൊളിഞ്ഞ ടാര്‍ റോഡുകളും പിന്നിട്ട് മാര്‍മല അരുവിയുടെ വണ്ടി ചെല്ലുന്നിടം വരെ എത്തി.
വണ്ടി പാര്‍ക്ക് ചെയ്യുന്നിടത്ത് തന്നെ കണ്ട ഐസ് ക്രീം കച്ചവടക്കാരന്‍റെ കയ്യില്‍ നിന്നും 4 ഐസ് ക്രീമും മേടിച്ചു കഴിച്ചുകൊണ്ട് ഞങ്ങള്‍ വെള്ളച്ചാട്ടം ലക്ഷ്യമാക്കി നടന്നു. അവിടെ നിന്നു തന്നെ ദൂരെയായി പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം കാണാന്‍ സാധിക്കുന്നുണ്ടായിരുന്നു. പൊട്ടിപ്പൊളിഞ്ഞ നടപ്പാതയിലൂടെ നടന്നു ചെന്നത് ഏതോ വനത്തിനുള്ളിലേക്ക് എന്നതുപോലെയായി.. പാറക്കല്ലുകള്‍ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന വഴികളിലൂടെ ഈറ്റക്കാടുകള്‍ക്കിടയിലൂടെ നടന്നുകൊണ്ടിരുന്നു.. ദൂരെ നിന്നെ വെള്ളത്തിന്‍റെ സ്വരം നല്ല രീതിയില്‍ കേള്‍ക്കാം.. അങ്ങനെ ചെറിയോരു പാറമേല്‍ ഉള്ള സാഹസികത ഒക്കെ കഴിഞ്ഞു ഞങ്ങള്‍ വെള്ളച്ചാട്ടത്തിന്ടെ ചുവട്ടില്‍ എത്തി. ചുറ്റും മഴ പോലുള്ള ഒരു ഫീല്‍... പാറക്കെട്ടിന് മുകളില്‍ നിന്നും പതഞ്ഞൊഴുകുന്ന വെള്ളത്തെ കാറ്റ് അതിവേഗം താഴേക്കു തെറുപ്പിച്ച് ആകെ ഒരു ചാറ്റല്‍ മഴയുടെ പ്രതീതി. ചുറ്റും വലിയ വലിയ പാറകള്‍.. താഴെ നീലിമ നിറഞ്ഞ വെള്ളം താഴേക്കു പതഞോഴുകുന്നു. ഇവയെല്ലാം ആസ്വദിച്ച് കുറച്ചു ഫോട്ടോകളും എടുത്ത് ഉച്ചയോടെ ഞങ്ങള്‍ എന്‍റെ വീട്ടിലേക്ക് തിരിച്ചു.
വിവരണം : Jobin Ovelil