തേന്‍ കിനിയുന്ന ലഹരി മണക്കുന്ന നിഗൂഡതകളുടെ ഗ്രാമം. | Malana Village | Himachal Pradesh |

Malana village

സ്വര്‍ഗത്തിലേക്കുള്ള വഴി കല്ലും മുള്ളും നിറഞ്ഞതാണു എന്ന്  കേട്ടിട്ടില്ലേ? അത് കണ്ടറിയണമെങ്കില്‍ നേരെ മലാനയിലേക്ക് പോയാല്‍ മതി. ഇന്നും ഗ്രാമ തനിമ നഷ്ടപ്പെടാത്ത ചുരുക്കം ചില ഗ്രാമങ്ങളില്‍ ഒന്ന്. എന്നാല്‍ ഇത്രയും മനോഹരമായ ഈ ഗ്രാമം ഒരു വലിയ ഒരു നിഗൂഢത പേറുന്നുണ്ട്. ഒരു കൃഷിയുടെയും വിളവെടുപ്പിന്‍റെയും പേരില്‍ മലാനക്കുള്ള ചീത്തപ്പേര് ചെറുതോന്നും അല്ല. എന്താണ് ആ കൃഷിയെന്നല്ലേ?, സാക്ഷാല്‍ കഞ്ചാവ് കൃഷി. ഇന്ത്യയിലെ ഒരു ഗ്രാമം ആയിരുന്നിട്ട് കൂടി നിരോധിച്ചിരിക്കുന്ന ഈ പുകയില ഉല്‍പ്പന്നത്തിന്‍റെ ഉല്‍പാദനവും വിപണനവും ഇവിടെ തകൃതി ആയി നടക്കുന്നുണ്ട് എന്നുള്ളത് ഒരു പരസ്യമായ രഹസ്യമാണ്. മൂത്ത് വിളവെടുത്ത ചെടിയുടെ ഇല കൈവെള്ളയില്‍ ഇട്ടു തിരുമ്മി കയ്യില്‍ ഒട്ടിപ്പിടിക്കുന്ന ഇരുണ്ട പച്ച കളറില്‍ ഉള്ള കറ ഒരു പ്രത്യേക രീതിയില്‍ തള്ള വിരല്‍ കൊണ്ട് ഒപ്പിയെടുക്കുന്നു. ഇതാണ് ലോകത്തിലെ തന്നെ ശുദ്ധമായ ലഹരി. ലോക മാര്‍ക്കറ്റില്‍ തന്നെ മലാനയില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന മലാനാ ക്രീം എന്നറിയപ്പെടുന്ന ഈ ഉല്‍പ്പന്നത്തിന് വലിയൊരു സ്ഥാനമാണുള്ളത്. ഇവരുടെ കൃഷിയുടെ നല്ലൊരു ശതമാനവും വൈച്ചിന്‍ വാലി എന്ന് അറിയപ്പെടുന്ന മലാനയില്‍ നിന്നും 4 കിലോമീറ്ററോളം ദൂരം ഉള്ള ഈ സ്ഥലത്ത് ആണ്. ഇവിടെയും എല്ലാ ഗ്രാമവാസികള്‍ക്കും വീടുകള്‍ ഉണ്ട് എന്ന്‍ പറയപ്പെടുന്നു. വിദേശികളും സ്വദേശികളുമായ ഒരുപാട് സഞ്ചാരികളാണ് മലാനാ ക്രീമിനും മലാനയുടെ സൗന്ദര്യം ആസ്വദിക്കാനുമായി ഇവിടെക്ക് എത്തുന്നത്.

പാര്‍വതിവാലി മലനിരകളില്‍ ഒറ്റപ്പെട്ടു കഴിയുന്ന മലാനാ എന്ന ഗ്രാമത്തിലെ ആചാരങ്ങളും വിശ്വാസങ്ങളും നിയമങ്ങളും അവരുടെ തന്നെയാണ്. 1600ഓളം മാത്രം ജനസഖ്യ വരുന്ന ഇവിടുത്തെ ജനങ്ങളുടെ നിയമനിര്‍മാണവും ശിക്ഷാവിധികളും തീരുമാനിക്കുന്നത് ജാമുല മഹര്‍ഷിയുടെ പ്രതിനിധികള്‍ ആയി തിരഞ്ഞെടുക്കുന്ന ഒരു നാട്ടു കൂട്ടം ആണ്. പൊതുവേ പുറത്തുനിന്നുള്ളവരുമായി അടുപ്പം കാണിക്കുവാനോ മിണ്ടുവാനോ ഗ്രാമവാസികള്‍ താല്‍പര്യം കാണിക്കാറില്ല. പുറത്തു നിന്നുള്ളവര്‍ക്ക് അന്യമായ 'കനാഷി' എന്ന ഭാഷയാണ് ഇവര്‍ സംസാരിക്കുന്നതു. കൂടാതെ ഗ്രാമത്തിനും പരിസരപ്രദേശങ്ങളില്‍ നിന്നും പുറത്തേക്ക് പോകുന്നത് പാപമാണ് എന്നാണ് ഇവരുടെ വിശ്വാസം. അതിനാല്‍ ഗ്രാമത്തിന് പുറത്തു പോയി ജോലികള്‍ ചെയ്യുവാന്‍ ഇവര്‍ താല്‍പര്യപ്പെടാറില്ല.

വിപണിയില്‍ കിലോയ്ക്ക് ലക്ഷക്കണക്കിനു രൂപാ വില വരുന്ന ലഹരി ഉല്‍പാദിപ്പിക്കുന്ന ഇവര്‍ ഇന്നും ദരിദ്രര്‍ ആണ് എന്നുള്ളതാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു സത്യം. അത് കൂടാതെ ഏറ്റവും നല്ല കാട്ടുതേന്‍ ലഭിക്കുന്നതും ഇവിടെയാണെങ്കിലും ലഹരിയുടെ ചീത്തപ്പേരില്‍ മലാനയുടെ മാധുര്യമേറിയ കാട്ടുതേനിനെ കുറിച്ചു മറ്റാരും അറിയാതെ പോകുന്നു. കൂടാതെ ആടുമേക്കല്‍ ആണ് ഇവിടെയുള്ളവരുടെ മറ്റൊരു ജോലി.

ഇന്ത്യയുടെ നിയമത്തിന് കീഴില്‍ പൂര്‍ണമായി വരുന്നതാണെങ്കിലും നിരോധിത ഉല്‍പന്നതിന്‍റെ കൃഷിക്കും വിപണനത്തിനും ഇവിടെ ഒരു കുറവും ഇല്ല എന്നുള്ളത് ഒരു പക്ഷേ അധികാരികളുടെ മനപ്പൂര്‍വമായ കണ്ണടക്കല്‍ ആയിരിക്കാം ഒരു പക്ഷേ അധികാരികള്‍ക്ക് എത്തിപ്പെടാന്‍ ഉള്ള ബുദ്ധിമുട്ട് കൊണ്ടോ അല്ല എങ്കില്‍ അവരുടെ ആകെയുള്ള ഉപജീവനമാര്‍ഗം അതായത്കൊണ്ടോ ആവാം മലാനയെ സ്വതന്ത്രമായി ജീവിക്കാന്‍ അധികാരികള്‍ അനുവദിച്ചിരിക്കുന്നത്. എങ്കിലും മലാനക്ക് പുറത്ത് എവിടെ എങ്കിലും വച്ച് ക്രീമുമായി പിടിക്കപ്പെട്ടാല്‍ ഇന്‍ഡ്യന്‍ ശിക്ഷാനിയമം അനുസരിച്ചുള്ള എന്തു ശിക്ഷയും ലഭിക്കുന്നതാണ്.

അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ പടയാളികളായ ആര്യ വംശജരുടെ പിന്മുറക്കാരാണ് മലാനാ നിവാസികള്‍ എന്നാണ് ഇവര്‍ തന്നെ അവകാശപ്പെടുന്നത്. അതിനാല്‍ ഇവര്‍ വളരെ ഉയര്‍ന്ന ജാതിയായി ഇവര്‍ തന്നെ ഇവരെ കണക്കാക്കുന്നു, അതിനാല്‍ തന്നെ മലാനക്ക് പുറത്തുള്ളവര്‍ക്ക് ഇവരുടെ വീടുകളിലോ അമ്പലങ്ങളിലോ പ്രവേശനം പോയിട്ട് മലാനയില്‍ ഉള്ള ഒരു സാധനങ്ങളിലും തൊടുവാന്‍ പോലും അനുവാദമില്ല. മറ്റുള്ളവര്‍ തൊട്ടാല്‍ അശുദ്ധി ഉണ്ടാകും എന്നാണ് ഇവര്‍ കരുതുന്നത്. മറ്റുള്ളവര്‍ക്ക് നിഷിദ്ധമായിരുന്ന മലാനാ ഗ്രാമം ഒരുപാട് വര്‍ഷങ്ങള്‍ ഒന്നും ആയിട്ടില്ല സഞ്ചാരികള്‍ക്ക് നിബന്ധനകളോടെ തുറന്നു കൊടുത്തിട്ട് . കാര്യമായ പുരോഗമനങ്ങള്‍ ഒന്നും എത്തിപ്പെട്ടിട്ടില്ല എങ്കിലും മലനയുടെ കുറച്ചു സ്ഥലങ്ങളില്‍ എങ്കിലും വൈദ്യുതിയും കോണ്‍ക്രീറ്റ് കെട്ടിടങ്ങളും ഉടലെടുത്തിട്ടുണ്ട്. തടിയും കല്ലും കൊണ്ട് നിര്‍മ്മിച്ച കെട്ടിടങ്ങളാണ് ഇവിടെ പരമ്പരാഗതമായ വീടുകള്‍. അതില്‍ വീടിന്‍റെ താഴ്ഭാഗം മഞ്ഞുകാലത്തേക്കുള്ള വിറകുകള്‍ ശേഖരിച്ചു വച്ചിരിക്കും. 

കുളുവില്‍ നിന്നും 45 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മലാന വില്ലേജില്‍ എത്തിപ്പെടാം. ഗ്രാമത്തിലേക്ക് വാഹനങ്ങള്‍ ഒന്നും എത്തിപ്പെടാന്‍ ഒന്നും ഇതുവരെ വഴി ആയിട്ടില്ല. അത് തന്നെ ആയിരിക്കാം മലാനയെ വികസനത്തിന്‍റെ പാതയില്‍ നിന്നും പിന്നോട്ട് വലിക്കുന്നത്. പൊട്ടിപ്പൊളിഞ്ഞ അപകടകരമായ  പാതകളിലൂടെ മലാനയുടെ അടുത്ത് എത്തി 3 കിലോമീറ്ററോളം ഒറ്റയടി പാതയിലൂടെ മലയിടുക്കിലൂടെ സഞ്ചരിച്ചാല്‍ മാത്രമേ സുന്ദരമായ മലാനയുടെ ഗ്രാമത്തില്‍ എത്തിപ്പെടുവാന്‍ സാധിക്കൂ...

വിവരണം : Jobin Ovelil

DISCLAIMER: I am not promoting Malana cream in any manner here. This informations are only for Educational Purposes.

Previous Post Next Post