എട്ട് വർഷങ്ങൾക്ക് മുൻപ് കാറിൽ ഉള്ള ഒരു ലഡാക്ക് യാത്രയിൽ സംഭവിച്ച ഇതുപോലെയുള്ള എന്റെ ഒരു പഴയ യാത്രാ അനുഭവം ആണ് ഞാൻ പറഞ്ഞു വരുന്നത്... ലഡാക്ക് സന്ദർശനത്തിന് ശേഷം തിരിച്ചുള്ള യാത്രയിൽ ചില കാരണങ്ങളാൽ എന്റെ സുഹൃത്തുക്കൾക്ക് നേരത്തെ പോരേണ്ടി വന്നു, അങ്ങനെ തിരിച്ചു ഹിന്ദി ഒട്ടും വശമില്ലാത്ത ഞാനും ഒരു സ്വിഫ്റ്റ് കാറും മാത്രമായി... പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലാത്ത യാത്രയിൽ മുബൈയിൽ എത്തിയപ്പോൾ ചെറിയൊരു ആവശ്യത്തിന് മുംബൈയിൽ ഫീനിക്സ് മാളിൽ ഒന്ന് പോകേണ്ടി വന്നതാണ് പ്രശ്നങ്ങളുടെ തുടക്കം.
എന്റെ മൊബൈലിൽ ഫീനിക്സ് മാൾ here മാപ്പിൽ ലൊക്കേഷൻ സെറ്റ് ചെയ്തു ഞാൻ യാത്ര തുടങ്ങി.. കുറച്ചു ദൂരം കഴിഞ്ഞു കാർ മെയിൻ റോഡുകൾ വിട്ട് മുംബൈയുടെ തിരക്കേറിയ ഇടറോഡുകളിലൂടെയായി യാത്ര. അല്പം കൂടി മുൻപിലെത്തിയപ്പോൾ മാപ്പ് ഒരു വണ്ടി മാത്രം പോകാൻ വീതിയുള്ള തിരക്കേറിയ വലത്തേക്കുള്ള ഒരു വഴി തിരിയാൻ കാണിച്ചു. മാപ്പ് ഈസി റൂട്ട് കാട്ടിയതാകാമെന്നും മുൻപിൽ നല്ല വഴി കാണും എന്ന പ്രതീക്ഷയോടെ ഞാൻ ആ റൂട്ട് അവഗണിച്ചു മുൻപോട്ട് യാത്ര തുടർന്നു. കുറച്ചുകൂടി മുൻപോട്ട് എത്തിയപ്പോളേക്കും അത്യാവശ്യം വീതിയുള്ള ഒരു റോഡ് വലത്തേക്ക് മാപ്പ് കാണിച്ചു നല്ല തിരക്കുണ്ട്. ഭാഷ വശമില്ലാത്തതിനാൽ ആരോടും വഴി ചോദിക്കുവാനും തരമില്ല. രണ്ടും കൽപ്പിച്ചു ഞാൻ മാപ്പ് കാണിച്ച വഴിയിലൂടെ വണ്ടി തിരിച്ചു. അത്യാവശ്യം വീതിയുള്ള റോഡ് കുറച്ചു യാത്ര ചെയ്തപ്പോളേക്കും മെലിഞ്ഞു വന്നുകൊണ്ടിരിക്കുന്നു. ഏതോ മാർക്കറ്റിലേക്കാണ് ആ വഴി പോകുന്നത് എന്ന് തോന്നുന്നു. ഇരു വശങ്ങളിലും പച്ചക്കറിയും മാംസവും വിൽക്കുന്ന ഒരുപാട് കടകൾ. കുറച്ചൂടെ കഴിഞ്ഞപ്പോൾ എന്റെ വണ്ടിക്ക് പോകാൻ സാധിക്കാത്ത അത്രയും ചെറിയ വഴിയായി മാറി അത് ഒരു ഓട്ടോക്ക് മാത്രം പോകാവുന്ന വീതി. ശരിക്കും പെട്ടു എന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു. ഞാൻ വണ്ടി നിർത്തി. പുറകിൽ ഓട്ടോക്കാരുടെ ഹോൺ അടിയുടെ ബഹളം. ഒരുപാട് ഓട്ടോകൾ എന്റെ കാറിനു പുറകിലായി നിരന്നു കിടക്കുന്നു.
ഞാൻ പുറകിലുള്ളവരെ എങ്ങനെ എങ്കിലും കാര്യം ബോധിപ്പിക്കുവാനായി കാറിനു പുറത്തിറങ്ങി. ഹോൺ അടിയുടെ ബഹളം കൂടി വരുന്നു , കടക്കാർ ഒക്കെ എന്തൊക്കെയോ പറയുന്നുണ്ട്. അവർ എന്തൊക്കെയായിരിക്കാം പറയുന്നത് എന്ന് ഞാൻ ഊഹിച്ചു. ദേഹം ആസകലം തളരുന്നത് പോലെ. പുറകിൽ മുഴുവൻ ബ്ലോക്ക് ആയി കിടക്കുകയാണ്. ഒരുപാട് ആൾക്കാർ ഇവിടെക്കൂടി പോകുന്നുണ്ട് എല്ലാവരും വണ്ടിയും എന്നെയും നോക്കി നിൽക്കുന്നു. തൊട്ട് പുറകിലെ ഓട്ടോക്കാരനോട് ഞാൻ ആംഗ്യഭാഷയിലൂടെയും അറിയാവുന്ന ഹിന്ദി വച്ചും കാര്യം പറഞ്ഞതും ഒന്നും ഓട്ടോക്കാരൻ കൂസാക്കാതെ എനിക്കെതിരെ ആക്രോശിച്ചുകൊണ്ടിരിക്കുന്നു. പുറകിലുള്ള ഓട്ടോക്കാരും ഇത് തന്നെ ആവർത്തിക്കുന്നത് അല്ലാതെ ആരും പുറകിലേക്ക് ഒന്ന് മാറ്റിത്തരാൻ ദയ കാണിക്കുന്നില്ല. ഭാഷ പോലും മനസിലാകാതെ ഏത് സമയവും തല്ല് പ്രതീക്ഷിച്ചു കൊണ്ട് നിസ്സഹായനായി അതിന്റെ നടുവിൽ എല്ലാവരുടെയും ആക്രോശങ്ങളും പരിഹാസവും ഏറ്റ് ഞാൻ നിൽക്കുന്നു.
പെട്ടന്നാണ് എന്റെ പുറകിൽ ആരോ വലിയ സ്വരത്തിൽ എന്തൊക്കെയോ വിളിച്ചു പറയുന്നു. ഒറ്റ നോട്ടത്തിൽ നല്ല ആരോഗ്യവാനന്ന് തോന്നിക്കുന്ന ഉയരം കൂടിയൊരു മുഷിഞ്ഞ വസ്ത്രധാരി. എന്നെയാണ് പറയുന്നത് എന്ന് കരുതി ഞാൻ അടിയും പ്രതീക്ഷിച്ചു നിന്നും. അതുവരെ എന്നെ എന്തൊക്കെയോ പറഞ്ഞുകൊണ്ട് നിന്നവർ ആരും ഒന്നും മിണ്ടുന്നില്ല. ഓട്ടോക്കാർ എല്ലാവരും ഭവ്യതയോടെ അവരുടെ ഓട്ടോയിൽ പോയി ഇരിക്കുന്നു. അദ്ദേഹം എന്നോട് എന്തോ വന്ന് ഹിന്ദിയിൽ പറഞ്ഞു എനിക്കൊന്നും മനസിലായില്ല എന്ന് മനസിലായത് കൊണ്ടാരിക്കണം എന്റെ കാറിന്റെ ഡോർ അദ്ദേഹം തന്നെ തുറന്ന് കയറി ഇരിക്കാൻ എന്നെ ആഗ്യം കാണിച്ചു. ഞാൻ വേഗം തന്നെ കാറിൽ കയറി വണ്ടി സ്റ്റാർട്ട് ആക്കി. പുറകിൽ ഉള്ള ഓട്ടോക്കാരോടൊക്കെ എന്തൊക്കെയോ അദ്ദേഹം ഉയർന്ന സ്വരത്തിൽ പറയുന്നുണ്ടായിരുന്നു. നിമിഷ നേരങ്ങൾക്കുള്ളിൽ തന്നെ പുറകിലുണ്ടായിരുന്ന ഓട്ടോകൾ എല്ലാം റിവേഴ്‌സ് പോകാൻ തുടങ്ങി.. ഏകദേശം ഒരു 200 മീറ്ററോളം പുറകിൽ വരെ അദ്ദേഹം എന്നെയും പുറകിലുണ്ടായിരുന്ന ഇരുപതോളം ഓട്ടോകളെയും പുറകിലേക്ക് എടുപ്പിച്ചു. എനിക്ക് വണ്ടി തിരിക്കാൻ ഉള്ള വഴി ഒരുക്കി തന്നു.
സ്വർഗം കിട്ടിയപോലെയായിരുന്നു എനിക്ക്. അദ്ദേഹം എന്റെ അടുക്കൽ വന്നു എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു, എനിക്ക് എന്താണ് പറഞ്ഞത് എന്നൊന്നും മനസ്സിലായിരുന്നില്ല, നന്ദി പറയുവാൻ എനിക്ക് വാക്കുകൾ ഇല്ലായിരുന്നു.. എന്റെ പഴ്സിൽ ഉണ്ടായിരുന്ന 300 രൂപ ഞാൻ അദ്ദേഹത്തിന് നേർക്ക് നീട്ടി.. ആ പൈസ വാങ്ങാതെ ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് അദ്ദേഹം ആ തിരക്കുകളിലേക്ക് നടന്നകന്നു.
നീണ്ട എട്ട് വർഷങ്ങൾക്ക് ശേഷവും ആ വ്യെക്തിയെ ഞാൻ ഇന്നും ആദരവോടെ ഓർക്കാറുണ്ട്. ഒരുപക്ഷെ അദ്ദേഹം അവിടുത്ത എല്ലാവരും ആദരിക്കുന്ന ഉയർന്ന വ്യക്തിയാകാം, അല്ലങ്കിൽ ഒരു പക്ഷെ എല്ലാവരും വെറുക്കുന്നൊരു ക്രിമിനൽ ആകാം. ആരായാലും അദ്ദേഹം എനിക്ക് മുൻപിൽ ദൈവതുല്യൻ ആണ്. ദൂരയാത്ര നടത്തുന്ന എല്ലാവരുടെ മുൻപിലും ഏതെങ്കിലുമൊക്കെ രൂപത്തിൽ ഇവരെപ്പോലെയുള്ള ദൈവങ്ങൾ കടന്നുവരാറുണ്ട്.
ദൈവത്തെ കണ്ടിട്ടുണ്ടോ ?, ഇല്ലെങ്കിൽ തീർച്ചയായും നിങ്ങൾ ഒറ്റക്കൊരു ദൂരയാത്ര പോകണം!
വിവരണം : Jobin Ovelil