കല്ലാര്‍ മീന്‍മുട്ടിയിലൂടെ തനിച്ചോരു വനയാത്ര. | Meenmutty Falls | Thiruvananthapuram | Ponmudi |


കൊറോണയും ഒരു 100 cc പൊന്മുടി യാത്രയും. (Part 2)
Click here to read part 1

മീന്‍മുട്ടിയിലേക്കുള്ള യാത്രയിലാണ് ഞാന്‍ ആ വഴികള്‍ പൊന്മുടി കയറിയപ്പോളത്തെത്തിനെക്കാള്‍ കൂടുതല്‍ കണ്ടത്. ഇത്തവണ പക്ഷേ ഹെല്‍മറ്റ് ഊരാന്‍ മുതിര്‍ന്നില്ല.  അങ്ങനെ മഞ്ഞും കുളിരും കോടയുമൊക്കെ കണ്ട് ഞാന്‍ മീന്‍മുട്ടിയുടെ കവാടത്തില്‍ എത്തി...  ഇവിടെ മുന്‍പ് വന്നിട്ടില്ലാത്തത് കൊണ്ട് ഇവിടുത്തെ കാര്യങ്ങള്‍ ഒന്നും തന്നെ അറിയില്ല.. ഇന്‍റര്‍നെറ്റില്‍ എവിടേയും നോക്കിയതുമില്ല .  സാധാരണ പോകുന്നതിനു മുന്‍പ് പോകുന്ന സ്തലങ്ങളെക്കുറിച്ച് ഇന്റെര്‍നെറ്റില്‍ ഒന്നു നോക്കുന്നതാണ്. ഈ യാത്രക്ക് അതൊന്നും ചെയ്യ് തില്ല . അതിനാല്‍ ചെറിയൊരു അബദ്ധം പിണഞ്ഞു. ടിക്കറ്റ് എടുക്കുന്നിടത്ത് ചെന്നപ്പോളാണ് അറിയുന്നതു മീന്‍മുട്ടിയിലെ പ്രവേശനത്തിനുള്ള സമയം 10 മിനുറ്റ് മുന്‍പ് കഴിഞ്ഞു. ഇനി ആരെയും കയറ്റിവിടില്ല.

ഒടുവില്‍ ടിക്കറ്റ് കൊടുക്കാന്‍ ഇരുന്ന ചേച്ചിയുടെ കാലുപിടിച്ചു പെട്ടന്നു കണ്ടൊരു ഫോട്ടോയും എടുത്ത് വരാം എന്നുള്ള ഉറപ്പില്‍ സമ്മതപത്രവും  വിവരങ്ങളും ഒക്കെ എഴുത്തിക്കൊടുത്ത്  എന്നെ കയറ്റിവിട്ടു.  അര കിലോമീറ്ററോളം ഉള്ളിലേക്ക് കാട്ടിലൂടെ ബൈക്കില്‍ തന്നെ പോകാം അത് ഒരു മനോഹരമായ ഫീലിങ് തന്നെയായിരുന്നു.  അങ്ങുവരെയും ചെത്തിയൊരുക്കിയ മണ്‍പാതയിലൂടെ ഓഫ് റോഡ് . ഞാന്‍ പോകുമ്പോള്‍ വാഹനങ്ങള്‍ ഒരുപാട് തിരിച്ചു വരുന്നുണ്ടായിരുന്നു. പോകുന്ന വഴിയിലുള്ള ചെറിയോരു  അരുവിയില്‍ നിറയെ പരല്‍മീനുകള്‍.. അതും കണ്ട് വണ്ടി പാര്‍ക്ക് ചെയ്യുന്നിടത്തെത്തി. പാര്‍ക്ക് ചെയ്യുന്നിടത്ത് തന്നെ കുട്ടികള്‍ക്ക് കളിക്കാനായി ഒരു ചെറിയ സ്ഥലവും, ബാത്രൂമ് സൌകര്യവും ഒക്കെയുണ്ട് ചെന്നയുടന്‍ തന്നെ ഒരു സെക്യൂരിറ്റി ചേട്ടന്‍ എത്തി ടിക്കറ്റ് നോക്കി. പുള്ളിയുടെ മുഖത്ത് അല്പം ദേഷ്യം ഉണ്ട് എന്ന്‍ തോന്നുന്നു.. ഞാന്‍ സമയം വൈകിയതിനാല്‍ അവര്‍ക്ക് വീട്ടില്‍ പോകാന്‍ താമസിക്കുമല്ലോ...

അവരെ ഒത്തിരി മുഷിപ്പിക്കേണ്ട എന്ന്‍ കരുതി ഞാന്‍ വേഗം കാട്ടുപാതയിലൂടെ നടന്നു... കഴിയുന്നിടതെല്ലാം ഓടാനും ശ്രേമിച്ചു  രണ്ടു കിലോമീറ്ററോളം ഈ വനപാതയിലൂടെ ഇനി പോകേണ്ടതുണ്ട്.  കാടിനുളിലൂടെയുള്ള  ഒറ്റയടിപ്പാതയിലൂടെ ഞാന്‍ നടന്നു .. ആരെയും കാണാനില്ല. പാതയിലെല്ലാം ആനപ്പിണ്ഡവും ആന ചവുട്ടി മെതിച്ച കാടുകളും കാണാം.. കല്ലാറില്‍ വെള്ളം ഒഴുകുന്ന മനോഹരമായ ശബ്ദം മാത്രമാണു ആകെ കൂട്ട്.  കുറച്ചു ചെന്നപ്പോള്‍ സഞ്ചാരികള്‍ക്ക് കല്ലാറില്‍ കുളിക്കാന്‍ ഒരുക്കിയിരിക്കുന്ന സ്ഥലത്തു ചെന്നു. അവിടെ ഒരു രണ്ടുമൂന്നു സെക്യൂരിറ്റികളും കുറച്ചു സഞ്ചാരികളും ഉണ്ട്. എന്നെ കണ്ടതും അവിടെയുള്ള സെക്യൂരിറ്റികളുടെയും മുഖഭാവം മാറി.  അപ്പോളാണ് ഞാന്‍ ശ്രേദ്ധിച്ചത്  കല്ലാറിന്‍റെ കരയില്‍ കല്ലില്‍  മനോഹരമായ ഒരു  ഈച്ചയെ കൊത്തിവച്ചിരിക്കുന്നു. അതും കണ്ട് ഞാന്‍ വേഗം തന്നെ വെള്ളച്ചാട്ടം ലക്ഷ്യമാക്കി നടന്നു.

പോകുന്ന വഴിയെല്ലാം തന്നെ കല്ലുകളും വേരുകളും ആയിരുന്നതിനാല്‍ നടത്തത്തിന് അധികം വേഗം കൂട്ടാന്‍ കഴിഞ്ഞില്ല. .  പലയിടങ്ങളിലും അപകട സൂചികകള്‍ വച്ചിരിക്കുന്നു..  കൂടാതെ നടക്കുന്ന വഴികളില്‍ എല്ലാം പലയിടങ്ങളിലും മുളകൊണ്ടും ഈറ്റ കൊണ്ടും ഉണ്ടാക്കിയ വിശ്രമിക്കാന്‍ ഉള്ള കൂടാരങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നു. അല്‍പ്പനേരം അവിടെ ഇരിക്കണം എന്നുണ്ടായിരുന്നെങ്കിലും മറ്റുള്ളവരുടെ സമയം കളയേണ്ട എന്നു കരുതി വീണ്ടും നടന്നു.. ആനപ്പിണ്ഡത്തിന്റെ മണവും ചീവീടുകളുടെ ശബ്ദവും കാടിന്റെ വശ്യതയും എന്നെ ഒരല്‍പ്പം ഭയപ്പെടുത്തുന്നുണ്ടായിരുന്നു.

കൂറ്റന്‍ മരങ്ങളും ഊഞ്ഞാലാടാന്‍ തക്കവണം ഉള്ള വള്ളിപ്പടര്‍പ്പുകളും ഈറ്റയും പൊന്തക്കാടുകളും വഴിയിലെങ്ങും നിറഞ്ഞു നില്ക്കുന്നു...  ഇടക്ക് വച്ചുകണ്ട ഒരു മരത്തിന് വട്ടം പിടിക്കാന്‍ ഒരു പത്ത് ആള്‍ക്കാര്‍ എങ്കിലും വേണം എന്ന്‍ തോന്നി. അതിനോത്ത പൊക്കവും ആ മരത്തിനുണ്ടായിരുന്നു. അതും പിന്നിട്ട് കുറച്ചുടെ മുന്‍പില്‍ എത്തിയപ്പോളാണ് ഒരു ഭീമന്‍ പാറ .. അതിനു ചുവട്ടില്‍ ഇരിക്കാന്‍ ഒക്കെ സാധിക്കുന്ന രീതിയില്‍ കല്ല് കൂട്ടി ബഞ്ച് പോലെ ആക്കിയിരിക്കുന്നു.. പാറയുടെ മുകള്‍ഭാഗം മുന്‍പിലോട്ട് തള്ളി നില്‍ക്കുന്നതിനാല്‍ മഴ നനയാതെ നില്‍ക്കാന്‍ ഒക്കെ അവിടെ സാധിക്കും.  ഏകദേശം ഒരു തുറന്ന ഒരു ഭീമന്‍ ഗുഹ എന്നതിനെ നമ്മുക്ക് വിശേഷിപ്പിക്കാം..

ആ കാഴ്ചയും കണ്ടു കുറച്ചുടെ മുന്‍പിലോട്ട് നടന്നപ്പോള്‍ കല്ലാര്‍ മുറിച്ച് കടന്നു പോകണ്ട സ്ഥലം എത്തി. മഴ പെയ്യ്തിരുന്നതിനാല്‍ മോശമല്ലാത്ത രീതിയില്‍ അവിടെ വെള്ളമൊഴുക്കുണ്ടായിരുന്നു.  എന്റെ ഷൂ ഊരി അവിടെ നിന്നിരുന്ന സെക്യൂരിറ്റി ചേട്ടനെ ഏല്‍പ്പിച്ചു കല്ലാറിന്‍റെ കുറുകെ കെട്ടിയിരുന്ന കയറില്‍ പിടിച്ച് ഞാന്‍ നടന്നു, മുട്ടിന് മുകളില്‍ വെള്ളവും നല്ല ഒഴുക്കും ഉരുളന്‍ കല്ലുകളും വഴുക്കലുകളും ഒക്കെയുള്ള ആ ആറ് കടന്നു ഒരു വിധത്തില്‍ അപ്പുറമെത്തി...

ഒടുവില്‍ അല്‍പ്പ നേരത്തെ നടത്തത്തിന് ശേഷം ഞാന്‍ ഒടുവില്‍ ആ മനോഹരമായ വെള്ളച്ചാട്ടത്തിനടുത്തെത്തി... പച്ച നിറമുള്ള ഒരു തടാകത്തിലേക്ക് വെള്ളം കുതിച്ചു ചാടി എത്തുന്ന ആ കാഴ്ച അത്രമേല്‍ മനോഹരമായിരുന്നു. അധിക നേരം ഞാന്‍ നിന്നില്ല ഞാന്‍ വാക്ക് പാലിച്ചു ഒരൊറ്റ ക്ലിക്ക്. മീന്‍മുട്ടിയെ ഒറ്റ നോട്ടത്തില്‍ കണ്ട് ഞാന്‍ തിരിച്ചു നടന്നു .. എനിക്കു കുറച്ചു പിന്നിലായി ഓരോ സെക്യൂരിറ്റി ചേട്ടന്‍മാരും കൂടി... അങ്ങനെ വനയാത്രയെ ഒരു ആഘോഷമായ ഓര്‍മ്മയാക്കി ഞാന്‍ വീട്ടിലേക്ക് യാത്ര തിരിച്ചു.... ( അവസാനിച്ചു)

സന്ദര്‍ശന സമയം: 8AM - 4PM

ടിക്കറ്റ് നിരക്ക്:
മുതിര്‍ന്നവര്‍: 30 രൂപ
കുട്ടികള്‍: 10 രൂപ

വിവരണം: Jobin Ovelil

ഈ ട്രാവല്‍ സ്റ്റോറി pdf ലഭിക്കാന്‍ മുകളിലുള്ള ബട്ടന്‍ ക്ലിക്ക് ചെയ്യുക.


Click here to read part 1
Previous Post Next Post